സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉൽപന്നങ്ങളുടെ പരിധി 3 കോടിയാക്കാൻ ശ്രമം
സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉൽപന്നങ്ങളുടെ പരിധി 3 കോടി രൂപയായി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിച്ച ബിസിനസ് ടു ഗവൺമെന്റ് (ബി2ജി) ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 20 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നേരിട്ടു നടത്താമെന്നും ഒരു കോടി രൂപ വരെയുള്ളവ സ്റ്റാർട്ടപ്പുകളിൽ നിന്നു ടെൻഡർ വഴി വാങ്ങാമെന്നുമാണ് ഇപ്പോഴത്തെ വ്യവസ്ഥ.
97 കോടി രൂപ സ്റ്റാർട്ടപ് മേഖലയ്ക്കായും 250 കോടിരൂപ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടിനായും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. മികച്ച ആശയവുമായി വരുന്ന സ്റ്റാർട്ടപ്പുകളെ സർക്കാർ പിന്തുണയ്ക്കും. എന്നാൽ, എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയ ശേഷം വളർന്നു കഴിയുമ്പോൾ സ്റ്റാർട്ടപ്പുകൾ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത ശരിയല്ല– മന്ത്രി പറഞ്ഞു.
കെഎസ്ഇബി, ഐടി മിഷൻ, കുടുംബശ്രീ, ആരോഗ്യ വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവയ്ക്ക് സ്റ്റാർട്ടപ് സൗഹൃദ വകുപ്പുകൾക്കുള്ള അംഗീകാരം മന്ത്രി വിതരണം ചെയ്തു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അധ്യക്ഷത വഹിച്ചു.